19/08/2024
ഞങ്ങൾ മൂന്നു പേരായിരുന്നു ആദ്യം കൂട്ടായി ഒന്നിച്ചത്. ഞാനും ജുനൈദും ഫൈസലും. പിന്നീട് ആ കൂട്ടിലേക്ക് സുധീർ വന്നു, സനുവും ബിനുവും വന്നു. പിന്നീട് കുറച്ച് വർഷങ്ങൾക്ക് ശേഷം എഫ്.സി.ഐ. ഉദ്യോഗസ്ഥനായ സിദ്ധീഖ് ഇക്കയും ജിജീത്തായും ഞങ്ങളുടെ അയൽപക്കത്ത് താമസിക്കുവാൻ എത്തുന്നത്. അവർക്ക് രണ്ട് മക്കൾ, അസീമും അജീമും.
വളരെ പെട്ടെന്ന് തന്നെ ഞങ്ങളുടെ ഗ്യാങിലേക്ക് അസീം അംഗമായി. അജീം അന്ന് കുട്ടിയായിരുന്നതിനാൽ (ഞങ്ങളെ സംബന്ധിച്ച്) ഗ്യാങിലെത്തിയില്ല.
പത്താം ക്ലാസ് കാലത്താണ് അസീം ഞങ്ങളുടെ ഒപ്പം കൂടിയതെങ്കിലും പെട്ടെന്ന് തന്നെ ചിരപരിചിതരെ പോലെയായി. വളരെ സൗമ്യനായിരുന്നു അസീം, എല്ലാവരുടേയും സ്നേഹം പെട്ടെന്ന് തന്നെ പിടിച്ചു പറ്റും. ജിജീത്തായും സിദ്ധീഖിക്കായും അജീമും അടങ്ങുന്ന ആ കുടുംബം ഞങ്ങളുടെ കുടുംബം പോലെയായി. ഒരുപാട് വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്ക്കാരം കഴിഞ്ഞ് ഞാനും സുധീറും അസീമുമൊത്ത് അവന്റെ വീട്ടിലേക്ക് പോകും. അവിടെ ഉച്ച ഭക്ഷണം തയ്യാറാക്കി ജിജീത്ത ഞങ്ങളേയും കാത്തിരിപ്പുണ്ടാകും. അങ്ങനെ എത്രയെത്ര ഓർമ്മകൾ.
കാലത്തിന്റെ നദി മുന്നോട്ട് ഒഴുകിക്കൊണ്ടിരുന്നു. എല്ലാവരും വലുതായി, സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്ന നാളുകളെത്തി. എന്റൊപ്പമുണ്ടായിരുന്ന ആറ് പേരും പ്രവാസികളായി. ഞാൻ മാത്രം നാട്ടിൽ തിരക്കുകൾക്കൊപ്പമായി. സുഹൃത്തുക്കൾ നാട്ടിലെത്തുമ്പോൾ അവരുമായി സമയം ചിലവിടാൻ കിട്ടും. എല്ലാവരും നാട്ടിലെത്തുമ്പോൾ ഒന്നിച്ച് കൂടണമെന്ന ആഗ്രഹം എന്നും ബാക്കി നിൽക്കും.
ഞങ്ങളുടെ ഗ്യാങ് പള്ളിപ്പറമ്പ് കേന്ദ്രീകരിച്ച് കളികളിൽ ഏർപ്പെടുമ്പോൾ മണ്ണാന്റെ പറമ്പിലുണ്ടായിരുന്ന മറ്റൊരു സംഘവും റെയിൽ വേക്കപ്പുറമുണ്ടായിരുന്ന കണ്ടത്തിൽ കളിച്ചു കൊണ്ടിരുന്ന മറ്റൊരു ഗ്യാങുമുണ്ടായിരുന്നു. എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളായി. എന്നാൽ ഞങ്ങൾ ഏഴംഗം അപ്പോഴും ഒറ്റക്കെട്ടായിരുന്നു. ഇടയ്ക്ക് കലീൽ ഞങ്ങളുടെ ഒപ്പം കൂടിയെങ്കിലും അവൻ കായംകുളത്തേക്ക് മാറി.
ഈ കൂട്ടുകെട്ട് ഭേദിച്ച് ആദ്യം സുധീർ പോയി. സാരമായ ഒരു രോഗത്തിനൊടുവിലാണ് ഈ ലോകത്ത് നിന്നും അവൻ പോയത്. സംക്രാന്തി ഗ്രൂപ്പുകളിലുണ്ടായിരുന്ന സുധീർ സി.ബി. കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ പതിവ് നടത്തത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീണു മരിച്ചു. പിന്നെ ഷാജഹാൻ ഒരു കല്യാണ തലേ രാത്രിയിൽ മരണപ്പെട്ടു. ഈ അടുത്ത കാലത്ത് ഒരു നിസ്സാര രോഗം മൂർച്ഛിച്ച് മുജീബും പോയി.
ഇപ്പോൾ ഞെട്ടിച്ചു കൊണ്ട് അസീമും. പതിനാറാം തീയതി വെള്ളിയാഴ്ച മാതാപിതാക്കൾക്കൊപ്പം വീഡിയോ കോളിൽ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സൗദി അറേബ്യയിലെ റിയാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഇന്ന് രാത്രിയിൽ അസീമിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുകയാണ്. നാളെ വെളുപ്പിന് സുബഹി നമസ്ക്കാരാനന്തരം കബറടക്കം നീലിമംഗലം ജുമ മസ്ജിദ് കബർസ്ഥാനിൽ.
ഈയിടെ നാട്ടിൽ വന്നിട്ട് തിരികെ പോയിട്ട് അധികം നാളായില്ല. വന്നപ്പോൾ പതിവിന് വിപരീതമായി പല തവണ എന്നെ വിളിച്ചു. കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, രണ്ട് പേരുടേയും സമയത്തിലെ പ്രശ്നങ്ങൾ കാരണം നേരിൽ കാണാൻ സാധിച്ചില്ല. ഒരു ദിവസം ഞാനും കുടുംബവും അവൻ ഇപ്പോൾ താമസിക്കുന്ന കുമ്മനത്തേക്ക് പോകുവാൻ വണ്ടിയുമെടുത്ത് ഇറങ്ങിയതാണ്. വഴിയിൽ വെച്ച് വിളിച്ചപ്പോൾ അവൻ കുടുംബ സമേതം ഭാര്യാ വീടായ പന്തളത്തേക്ക് പോയിരുന്നതിനാൽ ആ കൂടിക്കാഴ്ചയും സാധ്യമായില്ല. എല്ലാ തവണയും പരസ്പരം കണ്ടിരുന്ന ഓർമ്മകൾ പങ്കു വെച്ചിരുന്ന ഞങ്ങൾക്ക് ഈ പ്രാവശ്യം മാത്രം നേരിൽ കാണുവാൻ സാധിച്ചില്ല. ഇനിയൊരിക്കലും കാണാൻ പറ്റാതെയുമായി.
എന്റെ സുഹൃത്തുക്കൾ മറ്റേതോ ലോകത്തേക്ക് പോയതാണെന്ന് ഞാൻ കരുതുന്നു. എനിക്ക് മുന്നേ അവിടെ എത്തി നമ്മുടെ വരവിനായി കാത്തിരിക്കുന്നു. എനിക്ക് മുന്നേ എത്തിയത് കൊണ്ട് ഞാൻ എത്തുമ്പോൾ അവരവിടെ സീനിയറായി കാണും. എനിക്ക് അവിടത്തെ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് അവർ മുന്നിൽ തന്നെ കാണും എന്ന് വിശ്വസിക്കുന്നു. കലണ്ടർ മറിഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ എപ്പോൾ വേണമെങ്കിലും ഞാനും ………..
പ്രിയ കൂട്ടുകാരാ നിനക്ക് ആദരാഞ്ജലികൾ