09/07/2026
ഇന്ത്യയിൽ ഒരു വ്യക്തിക്കെതിരെ ക്രിമിനൽ കേസ് നിലവിലിരിക്കുമ്പോൾ (Pending Criminal Case) പുതിയ പാസ്‌പോർട്ടിന് അപേക്ഷിക്കുന്നതിനും, നിലവിലുള്ളത് പുതുക്കുന്നതിനും (Renewal), വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനും വ്യക്തമായ നിയമനടപടികളുണ്ട്.
ഇതുമായി ബന്ധപ്പെട്ട പ്രധാന നിയമവകുപ്പുകളും അപേക്ഷിക്കേണ്ട രീതികളും താഴെ പറയുന്ന പ്രകാരമാണ്:
Passports Act,1967 -Section 6(2)(f) വകുപ്പ് പ്രകാരം ഒരാൾക്കെതിരെ ഇന്ത്യയിലെ ഏതെങ്കിലും ക്രിമിനൽ കോടതിയിൽ കേസ് നിലവിലുണ്ടെങ്കിൽ പാസ്‌പോർട്ട് അതോറിറ്റിക്ക് പാസ്‌പോർട്ട് നിഷേധിക്കാം.
Section 22 & GSR 570(E) Notification (Dated 25.08.1993). സെക്ഷൻ 6(2)(f)-ൽ പറയുന്ന തടസ്സം മറികടക്കാനുള്ള പ്രത്യേക ഇളവാണിത്.
ബന്ധപ്പെട്ട ക്രിമിനൽ കോടതി അപേക്ഷകന് വിദേശത്ത് പോകാനോ പാസ്‌പോർട്ട് എടുക്കാനോ അനുമതി നൽകി ഉത്തരവിട്ടാൽ (No Objection Certificate/Order), പാസ്‌പോർട്ട് അതോറിറ്റിക്ക് പാസ്‌പോർട്ട് അനുവദിക്കാവുന്നതാണ്.
കോടതി കൃത്യമായ കാലാവധി പറഞ്ഞിട്ടില്ലെങ്കിൽ 1 വർഷത്തെ കാലാവധി മാത്രമുള്ള പാസ്‌പോർട്ടാണ് സാധാരണയായി ലഭിക്കുക (പിന്നീട് ഇത് ഓരോ വർഷവും പുതുക്കേണ്ടി വരും). എന്നാൽ ദീർഘകാലത്തേക്ക് (ഉദാഹരണത്തിന് 5 അല്ലെങ്കിൽ 10 വർഷത്തേക്ക്) പാസ്‌പോർട്ട് പുതുക്കാൻ അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവുകൾ (Supreme Court Precedents) നിലവിലുണ്ട്.
Passport Seva Portal വെബ്‌സൈറ്റിൽ സാധാരണ രീതിയിൽ അപേക്ഷ സമർപ്പിക്കുക.
അപേക്ഷയിലെ 'Criminal Proceedings'എന്ന കോളത്തിൽ നിങ്ങൾക്ക് എതിരെ നിലവിലുള്ള കേസിന്റെ (FIR Number, Case Number,Court Name) വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തണം (Disclosure).ഇത് ഒളിച്ചുവെച്ചാൽ പിഴയും നിയമനടപടികളും നേരിടേണ്ടി വരും.
ഏത് കോടതിയിലാണോ നിങ്ങളുടെ കേസ് നടക്കുന്നത് (Trial Court/Magistrate Court), അവിടെ പാസ്‌പോർട്ട് എടുക്കുന്നതിനോ പുതുക്കുന്നതിനോ അനുമതി ചോദിച്ചുകൊണ്ട് അപേക്ഷ (Petition) ഫയൽ ചെയ്യുക.
കേസ് ഡയറിയും മുൻകാല ചരിത്രവും പരിശോധിച്ച് കോടതി 'No Objection'ഉത്തരവ് പുറപ്പെടുവിക്കും.
പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ (PSK) പോകുമ്പോൾ സാധാരണ രേഖകൾക്കൊപ്പം (Identity & Address Proof) കോടതി നൽകിയ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് (Certified Copy of the Court Order) നിർബന്ധമായും സമർപ്പിക്കണം.
അപേക്ഷ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് വെരിഫിക്കേഷനായി എത്തുമ്പോൾ, കോടതി ഉത്തരവ് ഉള്ളതിനാൽ പോലീസ് 'Adverse Report' നൽകിയാലും റീജിയണൽ പാസ്‌പോർട്ട് ഓഫീസർക്ക് (RPO) നിങ്ങളുടെ അപേക്ഷ തടഞ്ഞുവെക്കാൻ സാധിക്കില്ല. കോടതി ഉത്തരവ് അനുസരിച്ച് അവർ പാസ്‌പോർട്ട് അനുവദിക്കും.
പാസ്‌പോർട്ട് കൈവശം ഉണ്ടാകുന്നത് കൊണ്ട് മാത്രം നിങ്ങൾക്ക് വിദേശത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല.
പാസ്‌പോർട്ട് ലഭിച്ച ശേഷം, വിദേശത്തേക്ക് പോകേണ്ട ആവശ്യവും (ഉദാഹരണത്തിന്: ജോലി, ചികിത്സ, ബിസിനസ്സ്) യാത്ര ചെയ്യുന്ന രാജ്യവും, തിരികെ വരുന്ന തീയതിയും കാണിച്ച് വിചാരണ കോടതിയിൽ വീണ്ടും പ്രത്യേക അപേക്ഷ സമർപ്പിക്കണം.
സാധാരണയായി കോടതി വിദേശ യാത്രയ്ക്ക് അനുമതി നൽകുമ്പോൾ ചില കടുത്ത വ്യവസ്ഥകൾ മുന്നോട്ട് വെക്കാറുണ്ട്:
1.ഒരു നിശ്ചിത തുകയുടെ ആൾജാമ്യവും ബോണ്ടും (Bond & Sureties) സമർപ്പിക്കാൻ ആവശ്യപ്പെടാം.
2.വിദേശത്തെ വിലാസവും ഫോൺ നമ്പറും കോടതിയെയും അന്വേഷണ ഉദ്യോഗസ്ഥനെയും അറിയിക്കണം.
3.കേസിന്റെ വിചാരണ തടസ്സപ്പെaടാതിരിക്കാൻ നിങ്ങളുടെ അഭിഭാഷകൻ കൃത്യമായി കോടതിയിൽ ഹാജരാകുമെന്ന് ഉറപ്പുനൽകണം.
കോടതി അനുവദിച്ച യാത്രാ കാലയളവിനുള്ളിൽ മാത്രമേ നിങ്ങൾക്ക് ഇന്ത്യയ്ക്ക് പുറത്തുനിൽക്കാൻ അനുവാദമുള്ളൂ.
എയർപോർട്ടിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ആവശ്യപ്പെടുകയാണെങ്കിൽ ഈ കോടതി ഉത്തരവ് കാണിക്കേണ്ടി വരും.
ക്രിമിനൽ കേസിൽ കോടതിയിൽ നിന്നും നിങ്ങൾക്ക് എതിരെ വാറന്റോ (Warrant) സമൻസോ (Summons) നിലവിലുണ്ടെങ്കിലോ,രാജ്യം വിട്ടുപോകുന്നത് തടഞ്ഞുകൊണ്ടുള്ള ലുക്ക് ഔട്ട് നോട്ടീസോ (LOC) മറ്റോ ഉണ്ടെങ്കിലോ കോടതിയുടെ മുൻകൂട്ടിയുള്ള പ്രത്യേക അനുമതിയില്ലാതെ വിദേശത്തേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല.
courtse Adv:Vijesh