06/12/2018
ഒസ്യത്ത്
കാൻറ്റീനിൽവെച്ചാണ് ഷാജി വക്കീൽ എന്നെ പരിചയപ്പെടുന്നത്.
ഗൗൺ ഊരി മുഖത്തെ വിയർപ്പ് തുടച്ച് ചുടു ചായ ഒറ്റ വലിക്ക് ഇറക്കിയതിനുശേഷം ഷാജിവക്കീൽ എന്നോട് ചോദിച്ചു:
''വക്കീൽ ആരുടെ ഓഫീസ്സിലാ?''
''നമ്പ്യാർ വക്കീലിന്റെ ഓഫീസ്സിൽ, സർ"
"ഓ, ഗംഗാധരന്റെ ജൂനിയറാ അല്ലെ! ക്രിമിനൽ സൈഡ്... നല്ല ഓഫീസ്സാ, പഠിക്കാൻ പറ്റിയ സ്ഥലം! എത്ര കാലമായി എൻറോൾ ചെയ്തിട്ട്?"
"ആറ് മാസം, സർ"
"അപ്പൊ ന്യൂക്കമർ! ഗുഡ് ഗുഡ്! ഈ പണിയിൽ ഏറ്റവും പ്രധാനം ശ്രദ്ധയാണ്. എല്ലാം കാണുക, മനസ്സിലാക്കുക..."
പിന്നെ കുറെ നേരം വക്കീൽ തൊഴിലിനെ കുറിച്ച് സംസാരിച്ചു. വെളുത്ത് മെലിഞ്ഞ് നീണ്ട്, തലമുടി അവിടവിടെ നരച്ചു തുടങ്ങിയ ഷാജി വക്കീലിന്റെ വർത്തമാനശൈലി എനിക്ക് വളരെ ഇഷ്ടമായി.
നിയമമെന്ന മഹാസാഗരത്തിന്റെ തീരത്ത് നിൽക്കുന്ന, കാലു നനയ്ക്കുവാൻ ഭയക്കുന്ന, ഒരു പിഞ്ചു ബാലനായ എന്നോട് ആ ആഴിയിൽ നീന്തി തുടിക്കുന്ന ഒരു നീലത്തിമിംഗലമല്ലെ അടുത്തിടപഴകുന്നത്!
അദ്ദേഹത്തിന്റെ മൊഴികളിൽനിന്ന് ഇറ്റിറ്റു വീഴുന്ന ജ്ഞാനത്തിന്റെ മുത്തുമണികൾ ശേഖരിക്കാൻ ഞാൻ അന്നിമിഷം തീരുമാനിച്ചു.
''... ആ, അപ്പൊ ഞാൻ പറഞ്ഞുവന്നത്? അതെ, പലപ്പോഴും കോടതിയിൽ നിയമത്തിലുള്ള അറിവുമാത്രമല്ല നമ്മുക്ക് ഗുണം ചെയ്യുക... നമ്മളുടെ വായനാശീലമാണ് വിജയത്തിന്റെ പ്രധാന ഘടകം. ഒരു വക്കീൽ എന്തും വായിക്കാൻ തയ്യാറാവണം. വായനാശീലമുണ്ടല്ലൊ അല്ലെ?"
"ഉണ്ട്"
"എക്സലൻറ്! വായനയാണ് ഒരു മനുഷ്യനെ മൃഗമല്ലാതാക്കുന്നത്! ഇന്നിപ്പൊ ഞാൻ വാദിച്ച കേസ്സ്... വായനാശീലമില്ലെങ്കിൽ ഞാനാകെ കുടുങ്ങിപ്പോയിരുന്നു!"
"കേസ്സെന്തായിരുന്നു സർ?"
"ഒരു വഴിക്കേസ്സാ. ഒരാൾക്ക് മൂന്ന് മക്കൾ. അയാൾ മരിച്ചപ്പോൾ സ്വത്തുക്കൾ ഒസ്യത്ത് പ്രകാരം അവർക്ക് കിട്ടി..."
"ഒസ്യത്തൊ? അതെന്താ സർ?"
"ഒസ്യത്ത് എന്ന് കേട്ടിട്ടില്ലെ? ശ്ശെടാ, മരണപത്രം! Will!"
"മനസ്സിലായി, സർ"
"ഒസ്യത്ത് പ്രകാരം ഒരു മകന് കിട്ടിയ വസ്തുവിലേക്ക് വഴി ഇല്ല. ആദ്യമൊന്നും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് സഹോദരന്മാർ അയാളെ വഴിനടക്കാൻ സമ്മതിക്കാതായി. എന്റെ അടുത്ത് വന്ന് കാര്യങ്ങൾ പറഞ്ഞപ്പൊൾ കൊടുത്തു ഞാനൊരു സൂട്ട്!"
"എന്ത് സൂട്ട്, സർ?"
"ഇഞ്ചങ്ങ്ഷൺ! വഴി നടക്കുന്നത് തടസ്സപ്പെട്ടുത്തരുതെന്ന് അപേക്ഷിച്ചു കൊണ്ട്... വമ്പൻമാരെയല്ലെ എതൃകക്ഷികൾ അണിനിരത്തിയത്! അരവിന്ദാക്ഷമേനൊൻ, രാമചന്ദ്രമേനോൻ... അവർ പല പല സുപ്രീം കോടതി വിധികളും പറഞ്ഞ് കോടതിയെ മയക്കാൻ ശ്രമിച്ചു.. എന്നോടെ! ഒരു കാര്യവുമുണ്ടാവില്ല!"
''അതെന്താ സർ? സാറെന്താ വാദിച്ചത്?"
''ഒരൊറ്റ ഇംഗ്ലീഷ് പ്രോവർബ്! അതുമാത്രം മതിയായിരുന്നു എനിക്ക്! അതിനുമുമ്പിൽ ഒരു സുപ്രീം കോടതി വിധിയും നിക്കില്ല! അത് ഞാൻ പറഞ്ഞപ്പോ ജഡ്ജി ഞെട്ടി! മേനൊൻമാർ ഇരുന്ന് പോയി! കേസ്സ് ഞാൻ എന്തായാലും ജയിക്കും!"
"ഏതാ സർ ആ പ്രോവർബ്?"
''ഒസ്യത്തില്ലെ?! പിന്നെ വഴി എങ്ങനെ ഇല്ലാതാവും? കേട്ടിട്ടില്ലെ? WHERE THERE IS A WILL, THERE IS A WAY!"
വായന ഒരു സംഭവം തന്നെ, അല്ലെ?