20/08/2022
ആശ്രിത നിയമനം മഹാശ്ചര്യം!
പി എസ് സിക്കാർക്ക് ജോലി കൊടുത്താൽ രാജാക്കന്മാർക്ക് എന്ത് ലാഭം? പൊതു ഖജനാവിൽ നിന്നും പണമെടുത്തു പ്രവർത്തിപ്പിക്കുന്ന ഏതൊരു സർക്കാർ സ്ഥാപനമോ യൂണിവേഴ്സിറ്റിയോ ആകട്ടെ, പി എസ് സിക്കാർക്ക് ജോലി കൊടുത്താൽ ലാഭമൊന്നുമില്ല എന്നത് തന്നെയാണ് അടിസ്ഥാന പ്രശ്നം.
ഇക്കഴിഞ്ഞ സ്വാതത്ര്യ ദിനത്തിൽ വൈകിട്ട് ശ്രീമതി വൃന്ദാ കാരാട്ട് എറണാകുളത്ത് മറൈൻ ഡ്രൈവിൽ “എന്റെ ജോലി എവിടെ കേന്ദ്ര സർക്കാരേ?” എന്നുള്ള വിഷയത്തിൽ ഉച്ചഭാഷിണിയിലൂടെ ഗദ്ഗദപ്പെടുന്നത് ശ്രവിക്കാൻ ഉള്ള ഭാഗ്യം സിദ്ധിച്ചു. "ചെറുപ്പക്കാർക്ക് മോഡി സർക്കാർ ജോലി നിഷേധിക്കുന്നത് കണ്ടു സഹിക്കാൻ കഴിയുന്നില്ല", ഇതാണ് പ്രസംഗത്തിന്റെ രത്നച്ചുരുക്കം.
പാർട്ടിയിലെ ബുദ്ധിജീവികളെ ചോദ്യം ചെയ്താൽ ശ്രീമതി വൃന്ദാ കാരാട്ടിനെ പാർട്ടി അച്ചടക്കം പഠിപ്പിക്കും.. കേന്ദ്രത്തിന്റെ ‘ജോലിയും തട്ടിപ്പുകളും’ എന്ന വിഷയത്തിലെ ശ്രീമതി വൃന്ദാ കാരാട്ടിന്റെ ലോക പ്രശസ്ത പ്രബന്ധം കേട്ടപ്പോഴാണ് ആശ്രിതരുടെ പെരും കോട്ടകൾ നിർമിക്കാൻ വേണ്ടി ശ്രീ വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്തു കൊണ്ട് വന്ന ഒരു സുന്ദരമായ സർക്കാർ ഉത്തരവ് ഓർമയിലേക്ക് വന്നത്.
ആശ്രിതരെ കേരളാ സർക്കാർ വക കമ്പനികളിലും, ബോർഡുകളിലും അനുബന്ധ സ്ഥാപനങ്ങളിലും നിർബാധം, യഥേഷ്ടം തിരുകി കയറ്റാൻ വേണ്ടിയുള്ളതാണ് 2007ൽ പുറപ്പെടുവിച്ച ഈ കേരളാ സർക്കാർ ഉത്പന്നം. ഉത്തരവിൻ്റെ പ്രസക്ത ഭാഗം താഴെയുണ്ട്.
ഉത്തരവിന്റെ മുപ്പതാമത്തെ ക്ലോസിൽ പറയുന്നത് നേരിട്ട് നിയമനം നടത്തുന്ന ഓരോ തസ്തികയുടെയും 50% വരെ ‘ആശ്രിത നിയമനം’ വഴി ജോലി കൊടുക്കാം എന്ന്. ആശ്രിതന്മാർക്കു മാത്രം എല്ലാം സുഗമം ആയി നടക്കണം എന്നുള്ള സദുദ്ദേശം മാത്രമേ ഇതിന്റെ പുറകിൽ ഉള്ളു.
ക്ലോസിൽ സംശയം തോന്നുന്നവർക്ക് ലളിതമായി പറഞ്ഞു തരാം. 100 ഒഴിവുകളിലേക്കു പരീക്ഷ വഴി ആളെ എടുക്കുന്നുണ്ടെങ്കിൽ ആ 100 ഒഴിവുകളിൽ 50 എണ്ണം ആശ്രിതനിയമനം വഴി ഒരു പരീക്ഷയും എഴുതാത്തവന് കൊടുക്കാം, എന്ന് ചുരുക്കം.
ഇപ്പോ നമ്മൾ കരുതും ബാക്കി 50 ഒഴിവുകൾ ഉണ്ടല്ലോ, അത് വെച്ച് തൃപ്തിപ്പെടാം എന്ന്. ബാക്കി ഉള്ള 50 ഒഴിവുകളിൽ, സ്പോർട്സ് കോട്ട, താൽക്കാലികമായി കയറുന്നവർ, സ്ഥിരമായി കയറുന്ന രാജാവിൻ്റെയും മന്ത്രിയുടെയും, പ്രഭുക്കന്മാരുടെയും പരിവാരങ്ങൾ എന്നിവർക്കൊക്കെ പങ്കിട്ടു കൊടുത്തതിനു ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രം വരി നിൽക്കുന്ന "പി എസ് സി റാങ്ക് ഹോൾഡർമാർക്ക്", ലിസ്റ്റ് കാലഹരണപ്പെട്ടില്ലെങ്കിൽ, കിട്ടാൻ ചെറിയൊരു സാധ്യത ഉണ്ട്.
ഇപ്പോ നമ്മൾ കരുതും, റാങ്ക് ലിസ്റ്റിൽ പെട്ട ആളുകൾക്ക് എല്ലാം പോയിട്ട് ഒരു 25 ഒഴിവ് എങ്കിലും കിട്ടില്ലേ എന്ന്. ഏകദേശം 150 സർക്കാർ കമ്പനികൾ ഉണ്ട്. 25 പോട്ടെ 20 വെച്ച് കിട്ടിയാലും ഒരു 3000 പേർക്കെങ്കിലും ജോലി കിട്ടില്ലേ എന്ന്.
ഈ സംശയം നിവർത്തിക്കാൻ വേണ്ടി നമ്മൾ നോക്കേണ്ടത് കണക്കുകൾ ആണ്. യഥാർത്ഥ കണക്കുകൾ നോക്കുമ്പോൾ മാത്രമേ - ഒരു പക്ഷെ ഒരു പി എസ് സി റാങ്ക്‌ഹോൾഡർക്കു പോലും തങ്ങൾ അനുഭവിക്കുന്ന അവഗണന മനസിലാവുകയുള്ളൂ, എന്നെനിക്കു തോന്നുന്നു. "ആയിരത്തിൽ ഒരുവൻ" എന്ന് പറയുന്നത് പോലെ, ലക്ഷത്തിൽ ഒരുവൻ/ ഒരുവൾ ആണ് ഓരോ പി എസ് സി റാങ്ക്‌ഹോൾഡറും.
കണക്കും, ശതമാന കണക്കുകളും താഴെ പറയുന്ന പോലെ ആണ്. പി എസ് സി എന്ന സ്ഥാപനം അവർക്ക് തോന്നിയാൽ മാത്രം അപേക്ഷകൾ ക്ഷണിക്കും. തസ്തിക, ഒഴിവ്, ജോലി, എന്നിവ ഉണ്ടായാലും, ഇല്ലെങ്കിലും.
പി എസ് സി യുടെ മേപ്പടി ക്ഷണപത്രിക മറ്റൊരു തമാശ ആണ്. അതിൽ ഒഴിവിൻ്റെ എണ്ണം രേഖപ്പെടുത്തുന്നതും നീലക്കുറിഞ്ഞി പൂക്കുന്നതും ഒരു പോലെയാണ്.
ഇങ്ങനെ ഇറക്കുന്ന ക്ഷണപത്രിക കണ്ടു, മോഹിച്ച്, ചെറുപ്പക്കാർക്കിടയിൽ നിന്നും ഒരു 6, 00, 000 (ആറു ലക്ഷം) പേർ അപേക്ഷിക്കുന്ന ഒരു കൊച്ചു പരീക്ഷ നമുക്ക് ഉദാഹരണമായി എടുക്കാം. ഇതിൽ കൂടുതലും, ഇതിൽ കുറവും അപേക്ഷകർ ഉള്ള ഒരുപാട് പരീക്ഷകൾ ഉണ്ട്. അവയുടെ കണക്കുകൾ ഇതിനേക്കാൾ ഭയാനകം ആയിരിക്കും.
മേൽപ്പറഞ്ഞ ആറുലക്ഷം പേരിൽ നിന്നും ഒരു 60, 000 (അറുപതിനായിരം) പേർക്കു മെയിൻ പരീക്ഷ എഴുതാനുള്ള യോഗ്യത ഉണ്ട് എന്ന് പി എസ് സി കണ്ടെത്തി എന്ന് കരുതുക.
പിന്നെയുള്ള അനേകം കടമ്പകൾ കടന്നു, ക്ഷണപത്രികയുടെ തീയതി തുടങ്ങി ഏകദേശം ഒരു രണ്ടര വർഷം തികയുമ്പോൾ, 'യോഗ്യന്മാർ ആണ് എന്ന് പി എസ് സി കണ്ടെത്തുന്ന' ഒരു 4, 000 (നാലായിരം) പേർ മേപ്പടി കടമ്പകൾ എല്ലാം ചാടി കടന്നു റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കും.
സ്വന്തക്കാർക്കും, ബന്ധുക്കൾക്കും, ഇഷ്ടക്കാർക്കും, ലാഭം ഉറപ്പു തരുന്ന വ്യക്തികൾക്കും, സംഘടനകൾക്കും ഉള്ള സംവരണം പ്രകാരം കൊടുത്തു തീർന്നതിന് ശേഷം മിച്ചം വല്ലതും ഉണ്ടെങ്കിൽ, വല്ലാത്ത ഭാഗ്യവും കൂടെ ഉണ്ടെങ്കിൽ, ചിലപ്പോൾ ഈ നാലായിരം പേരിൽ നിന്ന് ഒരു 2, 000 (രണ്ടായിരം) പേർക്കു ജോലി കിട്ടും. കിട്ടാത്തവർ കരുതും തങ്ങൾ അത്ര പോരാ എന്ന്. ഒരു പരിധി വരെ അത് സത്യവുമാണ്. പരീക്ഷ അല്ലല്ലോ മാനദണ്ഡം.
ആറു ലക്ഷത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട നാലായിരം പേർ. ശതമാന കണക്കു നോക്കുകയാണെങ്കിൽ അപേക്ഷകരുടെ എണ്ണത്തിന്റെ 0.66% മാത്രം വരും റാങ്ക് ഹോൾഡേഴ്‌സ്.
ജോലി കിട്ടുന്നവരുടെ ശതമാനം നോക്കിയാലോ, അപേക്ഷകരുടെ എണ്ണത്തിന്റെ 0-0.33% മാത്രം വരും പി എസ് സി വഴി ജോലി ലഭിക്കുന്നവർ. 3000 പേർക്ക് എങ്കിലും ജോലി ലഭിക്കില്ലേ എന്നുള്ളതിന്റെ നേർക്കാഴ്ച ഇതാണ്.
പെരുംകോട്ടകളിൽ കയറിപ്പറ്റുന്നവർ ഈ 0-0.33% ഭാഗ്യശാലികൾ ആണ്. റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 0.66% മാത്രം വരുന്ന റാങ്ക് ഹോൾഡേഴ്സിന് കൊടുക്കാനെങ്കിലും ഉള്ള തസ്തിക, ഒഴിവ്, ജോലി, എന്നിവ കേരളത്തിൽ ഇല്ലാത്തതു കൊണ്ടല്ല. വേണ്ടപ്പെട്ടവർക്ക് കൊടുത്തതിനു ശേഷം ബാക്കി വരുന്നില്ല.
ബന്ധുജനപ്രീതി കയ്യൊഴിയാൻ വയ്യ. പി എസ് സി വഴി വരുന്ന ബന്ധു അല്ലാത്തവന് കൊടുത്തിട്ടു എന്ത് പ്രയോജനം? ഒന്നുമില്ല. പക്ഷെ ബന്ധുവിനും, പിൻവാതിൽ വഴി ലാഭവും കൊണ്ട് വരുന്നവനും ജോലി കൊടുത്താലോ പത്ത് ചക്രവും തടയും, നന്ദിയും ലഭിക്കും.
ആശ്രിത നിയമനം മഹാശ്ചര്യം!