Adv P.T. Muhamed Sadik

Adv P.T. Muhamed Sadik Legal Matters

തി രു വ ന ന്തപു ര ത്തിൻ്റെ കഥപ്രശാന്ത് ചിന്മയന്റെ സ്റ്റാച്യൂ ജംഗ്ഷന്‍ എന്ന നേവല്‍ വായിക്കുകയായിരുന്നു. തിരുവനന്തപുരം നഗര...
15/02/2025

തി രു വ ന ന്തപു ര ത്തിൻ്റെ കഥ

പ്രശാന്ത് ചിന്മയന്റെ സ്റ്റാച്യൂ ജംഗ്ഷന്‍ എന്ന നേവല്‍ വായിക്കുകയായിരുന്നു.

തിരുവനന്തപുരം നഗരത്തിലെ തെരുവുകളേയും നിരത്തുകളേയും മനുഷ്യരേയും പ്രതിമകളേയുമൊക്കെ പരിചയപ്പെടുത്തുന്ന നോവലില്‍ അനേകം കഥാപാത്രങ്ങളുണ്ട്.

പരസ്പരം ബന്ധമില്ലാത്ത ഈ കഥാപാത്രങ്ങളുടെയെല്ലാം ജീവിതങ്ങള്‍ സ്റ്റാച്യു ജംഗ്ഷനില്‍ സംഗമിക്കുന്നതിന്റെ ഉദ്വേഗപൂര്‍ണമായ ആവിഷ്‌കാരമാണ് നോവല്‍. പതിഞ്ഞ താളത്തില്‍ തുടങ്ങുന്ന വായന അവസാനമവസാനം ശരിക്കും ഉദ്വേഗത്തിലാകും. ഒന്നാം അധ്യായത്തില്‍ പറയുന്ന പല നേരങ്ങളിലെ ചിലരുടെ ജീവിതത്തില്‍ അവിചാരിതമായി ട്വിസ്റ്റുകളുണ്ടാക്കുകയാണ് സ്റ്റാച്യു ജംഗ്ഷന്‍.

സംസ്ഥാന ഭരണകൂടത്തിന്റെ പ്രതീകമായ സ്റ്റാച്യു ജംഗ്ഷന്‍ ഉദ്യോഗസ്ഥ-രാഷ്ട്രീയവൃന്ദങ്ങളുടെ ആവാസമേഖലയായതിനാല്‍ പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രക്ഷോഭങ്ങളും സത്യാഗ്രഹങ്ങളും നിരാഹാരങ്ങളുമെല്ലാം സ്റ്റാച്യൂ ജങ്ഷനിലെ അനുദിനകാഴ്ചകളാണ്.

അങ്ങനെ, സമരവേലിയേറ്റങ്ങള്‍ നടക്കുന്ന സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയില്‍ സമരംചെയ്യാ നുള്ള ഒരിടം തേടിയാണ് കരിഞ്ചാത്തിമൂലയില്‍നിന്ന് സുധാകരനും വന്നിരിക്കുന്നത്.

പോലീസ് ലോക്കപ്പില്‍ കൊല്ലപ്പെട്ട മകന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധാകരന്റെ സമരം. സുധാകരനും മാധ്യമ പ്രവര്‍ത്തകന്‍ നരിപ്പാറ രതീഷും ഗുണ്ട ബിനുവിന്റെ സഹോദരി ജിനി, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ അനില്‍കൃഷ്ണന്‍, മലയാളത്തില്‍ പി.എച്ച്.ഡി എടുത്തു അസിസ്റ്റന്റ് പ്രൊഫസറാകാന്‍ കാത്തിരിക്കുന്ന ഡോ. സുജിത് അങ്ങനെ നിരവധി കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. സുധാകരന്‍ ആരംഭിച്ച ആ സമരം ഇവരുടെയൊക്കെ ജീവിതത്തെ മാറ്റി മറിച്ചു കളയുകയാണ്.

തിരുവനന്തപുരത്തു പല ആവശ്യങ്ങള്‍ക്കായി വരികയുംപോകുകയും ചെയ്യുന്നവര്‍ക്കും തിരുവനന്തപുരത്തു വന്നു താമസമാക്കിയ എന്നെപ്പോലുള്ളവര്‍ക്കും നഗരത്തെയും നഗരവാസികളേയും അടുത്തറിയാന്‍ ഈ നോവല്‍ സഹായകമാകുമെന്നു തോന്നുന്നു.

12/08/2024

ദുരന്ത ബാധിതരായ കുട്ടികളുടെ
ഫോട്ടോ പ്രസിദ്ധീകരിക്കാമോ

കത്വ പെണ്‍കുട്ടിയുടെ പേരു വെളിപ്പെടുത്തിയ മാധ്യമങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ഡല്‍ഹി ഹൈക്കോടതി പിഴ വിധിച്ചത് എന്തു കൊണ്ട്?

ആരൊക്കെയാണ് ആ കേസില്‍ പിഴ അടച്ചത് എന്നു കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഏറ്റവും പ്രധാനപ്പെട്ട ദേശീയ മാധ്യമങ്ങളായ ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ദ സ്റ്റേറ്റ്‌സ്മാന്‍, എന്‍.ഡി.ടിവി, ഫസ്റ്റ് പോസ്റ്റ്, ദ വീക്ക്, റിപ്പബ്ലിക് ടി.വി, ഇന്ത്യാ ടീവി, ഇന്ത്യന്‍ എക്‌സ്പ്രസ് ഓണ്‍ലൈന്‍ മീഡിയാ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ഘടാഗഡിയന്‍മാര്‍.

വേറെയും അഞ്ച് മാധ്യമങ്ങള്‍ ആ കേസില്‍ പെട്ടിരുന്നു. അവര്‍ക്ക് പുറമെ, ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍, യു ട്യൂബ്, ബ്ിംഗ് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളേയും നിരവിധി ഓണ്‍ലൈന്‍ മീഡിയകളേയും കോടതി ആ കേസില്‍ പ്രതി ചേര്‍ത്തിരുന്നു.

ഈ വിഷയത്തില്‍ നിയമം എന്തു പറയുന്നു എന്ന് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് കമന്റ് ബോക്‌സിലെ ലിങ്ക് സന്ദര്‍ശിച്ചു വീഡിയോ കാണാവുന്നതാണ്.


ദത്തെടുക്കാനുള്ള നിയമങ്ങള്‍മുസ്ലിംകള്‍ക്ക് ദത്തെടുക്കാന്‍ പറ്റുമോ?ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉള്ളു പൊട്ടിച്ച മഹാ ദുരന്...
02/08/2024

ദത്തെടുക്കാനുള്ള നിയമങ്ങള്‍
മുസ്ലിംകള്‍ക്ക് ദത്തെടുക്കാന്‍ പറ്റുമോ?

ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉള്ളു പൊട്ടിച്ച മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നന്മയുടെ അനേകം പൂക്കളാണ് വിരിഞ്ഞു പരിമളം പരത്തിക്കൊണ്ടിരിക്കുന്നത്. മുലപ്പാല്‍ കൊടുക്കാന്‍ തയാറായ അമ്മമാര്‍ മുതല്‍ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ തയാറായ ദമ്പതികള്‍ വരെ ജീവകാരുണ്യത്തിന്റെ പുതിയ മാതൃകകളായി മുന്നില്‍ നില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ ദത്തുമായി ബന്ധപ്പെട്ട ചില നിയമങ്ങള്‍ അറിയുന്നത് നന്നായിരിക്കുമെന്നു തോന്നുന്നു.

ദത്ത് എന്നാല്‍ എന്താണ്?

കുട്ടികളെ വളര്‍ത്താന്‍ ഏറ്റെടുക്കുക എന്ന കേവല ഉദ്ദേശ്യമല്ല ദത്തിനുള്ളത്. ജന്മം നല്‍കിയ മാതാപിതാക്കളില്‍ ഉള്ള എല്ലാ അവകാശങ്ങളോടെയും ഒരു കുട്ടിയെ മറ്റൊരു കുടുംബം ഏറ്റെുക്കുന്നതാണ് ദത്ത്.

ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ ആന്റ് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ്) ആക്ടിലെ സെക്ഷന്‍ ടു ക്ലോസ് ടുവില്‍ ദത്ത് എന്താണെന്ന് പറയുന്നുണ്ട്. ബയോളജിക്കല്‍ പാരന്റ്‌സില്‍ നിന്ന്, അതായത് കുട്ടിക്ക് ജന്മം നല്‍കിയ മാതാപിതാക്കളില്‍ നിന്ന് കുട്ടിയെ എന്നെന്നേക്കുമായി വേര്‍പെടുത്തി, ദത്ത് എടുക്കുന്ന മാതാപിതാക്കളുടെ നിയമപരമായ കുട്ടിയാക്കി മാറ്റുന്ന പ്രക്രിയയാണ് ദത്തെടുക്കല്‍.

ജന്മം നല്‍കിയ മാതാപിതാക്കളെപ്പോലെ തന്നെ ദത്തെടുത്ത മാതാപിതാക്കളില്‍ ആ കുട്ടിക്ക് അനന്താരാവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളുമുണ്ടാകും. ജന്മം നല്‍കിയ മാതാപിതാക്കളുടെ അതേ ഉത്തരവാദിത്തമാണ് ദത്തെടുത്ത മാതാപിതാക്കള്‍ക്കും കുട്ടിയുടെ കാര്യത്തില്‍ ഉണ്ടാകുക. സ്വന്തം മാതാപിതാക്കളോടൊപ്പം ജീവിക്കുമ്പോള്‍ വിവാഹം നിഷിദ്ധമാക്കിയവരെ ദത്തെടുത്ത മാതാപിതാക്കളുടെ കുടുംബത്തിലുള്ളവരെയും വിവാഹം കഴിക്കാന്‍ പറ്റില്ല.

ദത്തെടുക്കുന്ന മാതാപിതാക്കളുടെ യോഗ്യതകളും മാനദണ്ഡങ്ങളും നിമയങ്ങളില്‍ പറയുന്നുണ്ട്.

മാനസികമായും ശാരീരികമായും വൈകാരികമായും ആരോഗ്യമുള്ളവരാകണം. സാമ്പത്തിക ശേഷി വേണം. ജീവനു ഭീഷണിയായ അസുഖങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.

സ്വന്തം രക്തത്തില്‍ മക്കള്‍ ഉള്ളവര്‍ക്കും ദത്തെടുക്കാം.

വിവാഹിതരാണെങ്കില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും സമ്മതം വേണം.
അവിവാഹിതയായ സ്ത്രീക്ക് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ദത്തെടുക്കാം. ലിംഗഭേദമില്ല.
അവിവാഹിതനായ പുരുഷന് പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ പറ്റില്ല.

വിവാഹിതരാണെങ്കില്‍ രണ്ടു വര്‍ഷം സുസ്ഥിരമായ ദാമ്പത്യ ബന്ധം നിലനില്‍ക്കുന്നവരാകണം. ദത്തെടുക്കുന്ന കുട്ടിയുടെ പ്രായത്തിനനുസരിച്ച് ദത്തെടുക്കാന്‍ പോകുന്നവരുടെ പ്രായത്തിനും നിബന്ധനകളുണ്ട്. ഇത് സിംഗിള്‍ പാരന്റിനും ദമ്പതികള്‍ക്കും വ്യത്യസ്തമായിരിക്കും.

അതായത് രണ്ടു വയസ്സുവരെയുള്ള കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതികള്‍ക്ക് ഇരുവര്‍ക്കും കൂടി 85 വയസ്സു വേണം. സിംഗിള്‍ പാരവന്റാണെങ്കില്‍ 40 വയസ്സ്. നാലു വയസ്സുവരെയുള്ള കുട്ടിയെ ദത്തെടുക്കാന്‍ ദമ്പതികള്‍ക്ക് ഇരുവര്‍ക്കും കൂടി 90 വയസ്സുണ്ടാകണം. സിംഗിള്‍ പാരന്റാണെങ്കില്‍ 45 വയസ്സ്. നാലു മുതല്‍ എട്ടു വയസ്സു വരെയുള്ള കുട്ടിയാണെങ്കില്‍ ദമ്പതികള്‍ രണ്ടു പേര്‍ക്കും കൂടി 100 വയസ്സ്. സിംഗിള്‍ പാരന്റിന് 50 വയസ്സ്. എട്ട് മുതല്‍ പതിനെട്ടു വരെയുള്ള കുട്ടിയാണെങ്കില്‍ ദമ്പതികള്‍ രണ്ടു പേര്‍ക്കും കൂടി 110 വയസ്സു വേണം. സിംഗിള്‍ പാരന്റ് ആണെങ്കില്‍ 55 വയസ്സ്.

കുട്ടിയും ദത്തെടുക്കുന്ന ആളും തമ്മില്‍ പ്രായത്തില്‍ 25 വയസ്സില്‍ കുറയാത്ത അന്തരം വേണം. അച്ഛന്റെയോ അമ്മയുടേയോ സഹോദരങ്ങളോ അടുത്ത ബന്ധുക്കളോ ദത്തെടുക്കുമ്പോള്‍ പ്രായ വ്യത്യാസം പ്രശ്‌നമല്ല.

മൂന്നോ അതിലധികമോ കുട്ടികളുള്ളവര്‍ക്ക് ദത്തെടുക്കാന്‍ പറ്റില്ല. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഈ നിബന്ധന ബാധകമല്ല.

സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി ഈ നിബന്ധനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹിന്ദു അഡോപ്ഷന്‍ ആന്റ് മെയിന്റന്‍സ് ആക്ട് 1956, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 2015 എന്നീ നിയമങ്ങള്‍ അനുസരിച്ചാണ് ദത്ത് നടപടികള്‍ തീരുമാനിക്കുന്നത്. ജെ.ജെ. ആക്ട് പ്രകാരം അപേക്ഷിക്കുന്നവര്‍ സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി മുമ്പാകെ രജിസ്റ്റര്‍ ചെയ്യണം. ഹിന്ദു നിയമ പ്രകാരം ദത്തു നടപടികള്‍ പൂര്‍ത്തിയാകാന്‍ ദത്തൈടുക്കല്‍ ചടങ്ങോ ദത്തു കരാറോ കോടതി ഉത്തരവോ ഉണ്ടായാല്‍ മതി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് ജില്ലാ മജിസ്‌ത്രേട്ടുമാരോ അഡീഷണല്‍ ജില്ലാ മജിസ്‌ത്രേട്ടുമാരോ നല്‍കുന്ന ദത്ത് ഓര്‍ഡറുകള്‍ മതി. നേരത്തെ സിവില്‍ കോടതി ഉത്തരവിലൂടെ മാത്രമേ ദത്തെടുക്കാന്‍ പറ്റുമായിരുന്നുള്ളു.

മുസ്ലിംകള്‍ക്ക് ദത്തെടുക്കുന്നതില്‍ ചില പരിമിതികളുണ്ട്. ശരീഅത്ത് പ്രകാരം ദത്ത് പറ്റില്ല. ഇസ്ലാം വ്യക്തമായി ദത്തെടുക്കില്‍ നിരോധിച്ചിട്ടുമുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ടോ ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ് ആക്ട്ര പ്രകാരമോ അവര്‍ക്ക് കുട്ടികളുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാം.

2014 ലെ ശബ്‌നം ഹാഷ്മിയും യൂനിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ദത്തെടുക്കാമെന്ന് സുപ്രിം കോടതി വിധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കള്‍ അല്ലാത്തവര്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ നിയമവ്യവസ്ഥകളില്ല എന്നതാണ് വസ്തുത. ക്രിസ്ത്യന്‍, മുസ്ലിം ഉള്‍പ്പെടെയുള്ള ഇതര മതക്കാര്‍ക്ക് ദത്തെടുക്കുന്നതിന് നിയമം ഇല്ലെന്നും കുട്ടികളെ ദത്തെടുക്കുക എന്നത് ജാതിമത വ്യത്യാസമില്ലാതെ ഏതൊരു പൗരന്റെയും മൗലികാവകാശമാണെന്നും കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രസര്‍ക്കാറിനെ എതിര്‍കക്ഷിയാക്കി ശബ്നം ഹശ്മി സുപ്രീംകോടതിയെ സമീപിച്ചത്. മുസ്ലിം വ്യക്തിനിയമം ദത്തവകാശം അനുവദിക്കുന്നില്ലെന്നും ശരീഅത്ത് നിരോധിച്ച ഒരുകാര്യം മൗലികാവകാശമെന്നല്ല നിയമപരമായ അവകാശമായി പോലും അംഗീകരിക്കാന്‍ പറ്റില്ലെന്നും മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സുപ്രിം കോടതി മുമ്പാകെ വാദിച്ചു.

ദത്തവകാശം മൗലികാവകാശമാക്കണമെന്ന ഷബ്‌നം ഹശ്മിയുടെ ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ലെങ്കിലും ജുവനൈല്‍ ജസ്റ്റിസ് ആക്്ട് പ്രകാരം മുസ്ലിംകള്‍ക്കും ദത്തെടുക്കാമെന്ന് നിരീക്ഷിക്കുകയാണ് ചെയ്തത്.

പക്ഷേ, അപ്പോഴും മുസ്ലിംകളുടെ ദത്ത് സമ്പൂര്‍ണമാകില്ല. ദത്തിന്റെ പ്രധാന നേട്ടം എന്നു പറയുന്നത് ദത്തെടുക്കുന്ന കുടിക്ക് ദത്തെടുത്ത മാതാപിതാക്കളില്‍ ജന്മം നല്‍കിയ മാതാപിതാക്കളുടെ കാര്യത്തില്‍ ഉള്ളതു പോലെ അവകാശം കിട്ടുക എന്നതാണ്. മുസ്ലിംകള്‍ ദത്തെടുത്താല്‍ ഈ പദവിയിലേക്ക കുട്ടികള്‍ എത്തില്ല. ശരീഅത്ത് നിമയ പ്രകാരം ദത്തു പുത്രന്‍മാര്‍ക്ക് അനന്തരവാകാശമില്ലെന്നതാണ് പ്രധാനം പ്രശ്‌നം. കുട്ടിയും രക്ഷിതാവും എന്ന ബന്ധം മാത്രമേ അവര്‍ തമ്മില്‍ ഉണ്ടാകുകയുള്ളു. വിവാഹം നിഷിദ്ധമാക്കുന്ന കാര്യം പറയുമ്പോള്‍ പോലും ഖുര്‍ആനില്‍ പറയുന്നത് സ്വന്തം രക്തത്തില്‍ പിറന്ന മക്കളുടെ ഭാര്യമാരെ വിവാഹം കഴിക്കാന്‍ പാടില്ല. വളര്‍ത്തു പുത്രന്മാരുടെ, ദത്തു പുത്രന്മാരുടെ ഭാര്യമാരെ വിവാഹം കഴിക്കുന്നത് വിലക്കുന്നില്ല.

മുസ്ലിം വ്യക്തി നിമയത്തില്‍ മാറ്റം വരുത്താതെ, മുസ്ലിംകള്‍ക്ക് സമ്പൂര്‍ണമായി ദത്തെടുക്കാന്‍ പറ്റില്ല.

ഏതായാലും അനാഥരായ കുഞ്ഞുങ്ങള്‍ക്ക് മികച്ച ജീവിതം ലഭ്യമാക്കാന്‍സ മുന്നോട്ടു വരുന്ന സുമനസ്സുകളെ ഹൃദയപൂര്‍വം സ്വാഗതം ചെയ്യാം. പലവട്ടം ഭേദഗതി ചെയ്ത നിയമങ്ങള്‍ ദത്തു നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ചിത്രം: ചൂരൽ മലയിലെ കാട്ടിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരായ ആഷിഫ് കോളോത്ത്, ജയചന്ദ്രൻ , കെ.അനിൽകുമാർ, കൽപ്പറ്റ ആർ.ആർ.ടി അംഗം അനൂപ് തോമസ് എന്നിവർ രക്ഷിച്ച കുട്ടികൾ. ( രതീഷ് വാസുദേവൻ്റെ വാളിൽ നിന്നാണ് ചിത്രം)

ഗതിയും ഡ്രാക്കുളയുംഅന്‍വര്‍ അബ്ദുള്ളയുടെ ഗതി, ഡ്രാക്കുള എന്നീ രണ്ട് നോവലുകള്‍ ഒറ്റയിരിപ്പിനാണ് വായിച്ചു തീര്‍ത്തത്. ഒറ്റ...
24/06/2024

ഗതിയും ഡ്രാക്കുളയും

അന്‍വര്‍ അബ്ദുള്ളയുടെ ഗതി, ഡ്രാക്കുള എന്നീ രണ്ട് നോവലുകള്‍ ഒറ്റയിരിപ്പിനാണ് വായിച്ചു തീര്‍ത്തത്. ഒറ്റയിരിപ്പിന് എന്നു പറയുമ്പോള്‍, ഇരിക്കുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നു എന്നും അതല്ല ഒരു ഇരിപ്പില്‍ രണ്ടു നോവലും വായിച്ചു തീര്‍ത്തു എന്നും നിങ്ങള്‍ക്ക് വിചാരിക്കാം. യഥാര്‍ഥത്തില്‍ രണ്ടു നോവലുകളും ഒന്നിനു പിറകെ ഒന്നായി വായിക്കുകയായിരുന്നു. വണ്‍ ബൈ വണ്‍. യഥാര്‍ഥത്തില്‍ എന്നു തൊട്ടടുത്ത ഈ വാക്യത്തിലും തുടര്‍ന്നു വരുന്ന വാക്യത്തിലും വീണ്ടും പ്രയോഗിക്കേണ്ടി വരികയാണ്. കാരണം യഥാര്‍ഥത്തില്‍ വണ്‍ ബൈ വണ്‍ അന്‍വര്‍ അബ്ദുള്ളയുടെ ഒരു നോവലിന്റെ പേരാണ്. അതൊരു ഡിറ്റക്ടീവ് നോവലാണ്. ആ നോവലിനു മുമ്പ് 1980 എന്ന നോവലിലൂടെയാണ് ഞാന്‍ അന്‍വര്‍ അബ്ദുള്ളയെ വായിക്കാന്‍ തുടങ്ങിയത്. അതും ഒരു കുറ്റാന്വേഷണ നോവലാണ്. (മുമ്പ് ആനുകാലികങ്ങളില്‍ വന്ന ചെറുകഥകള്‍ വായിച്ചിരുന്നു)

144 പേജുള്ള ചെറിയൊരു നോവലാണ് ഗതി. വായനക്കാരനെ കൂടി ആഖ്യാതാവിനോടൊപ്പം നിര്‍ത്തുന്ന ഒരു രചനാ തന്ത്രം ഈ നോവലിനുണ്ട്. ഒന്നും ആഖ്യാതാവ് വായനക്കാരനില്‍ അടിച്ചേല്‍പിക്കുന്നില്ല. കേന്ദ്ര കഥാപാത്രത്തിന് പേരു നല്‍കുന്നതുപോലും വായനക്കാരന്റെ സമ്മതം വാങ്ങിയ ശേഷമാണെന്നു നമുക്ക് ഫീല്‍ ചെയ്യും. അയാളുടെ യാത്രയുടെ കാര്യവും അങ്ങനെ തന്നെ. പകല്‍പ്പാളത്തിലൂടെ പാഞ്ഞു പോകുന്ന നിറം മങ്ങിയ തീവണ്ടിയില്‍ യാത്ര ചെയ്യുന്ന അയാളുടെ യാത്രയെക്കുറിച്ച് ആഖ്യാതാവ് പറയുന്നത് നോക്കൂ -അയാള്‍ തന്റെ സൈനിക സേവനത്തിന്റെ അവസാന ദിവസമായിരുന്നു അന്നു പണിയെടുത്തു കൊണ്ടിരുന്നതെന്ന് അയാളുടെ പട്ടാള സംഘത്തെ അന്നു നയിച്ച മേധാവിയുടെ വാക്കുകളിലുണ്ടായിരുന്നല്ലോ. അങ്ങനെയങ്കില്‍ ഇപ്പോഴത്തെ യാത്ര അയാള്‍ തന്റ നെടുനാളത്തെ കഠോരമായ സൈനിക സേവനത്തിനു ശേഷം പിരിഞ്ഞു പോരുന്ന യാത്രയാണ്. ഒരു മുന്‍ ജവാനായിട്ടുള്ള അയാളുടെ ആദ്യ യാത്ര.

ആ യാത്രയെക്കുറിച്ച് ആഖ്യാതാവ്, വായനക്കാരനെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു നിഗമനത്തില്‍ എത്തിച്ചേരുക മാത്രമാണ് ചെയ്യുന്നത്.

ആ യാത്രയില്‍ അയാളെ പിന്തുടരാന്‍ വേണ്ടി മാത്രമാണ് ആഖ്യാതാവ് അയാള്‍ക്കൊരു പേരു നല്‍കുന്നതു പോലും. അരവിന്ദന്‍, ബാലകൃഷ്ണന്‍, അബ്ദുറഹ്മാന്‍, മുഹമ്മദ് മുസ്തഫ, കമലേശന്‍, തോമസ് കുട്ടി, മാത്യു, ദിനേശന്‍, സിറാജുദ്ദീന്‍ തുടങ്ങിയ ഏതു പേരും അയാള്‍ക്ക് ചേരും. അതില്‍നിന്ന് ഒരു പേര് തെരഞ്ഞെടുക്കുകയേ വേണ്ടൂ. പിന്നീട് അരവിന്ദനോ രവിയോ ആനന്ദനോ മുസാഫിറോ ഡേവിഡോ ആയിരിക്കുന്നതോ അല്ലാത്തതോ ആയ അയാള്‍ പല ദേശങ്ങളില്‍ ജീവിക്കുന്നുണ്ട്. സ്വന്തമായി ഒരു പേര് ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാള്‍ അനുഭവിക്കാനുള്ളതൊക്കെ അയാള്‍ അനുഭവിച്ചേ പറ്റൂ. ഒടുവില്‍ അരവിന്ദന്‍ എന്ന പേര് സ്വീകരിക്കുന്നുണ്ടെങ്കിലും ആ പേരു പോലും എന്തിനായിരുന്നു വെന്നു പിന്നീടുള്ള അയാളുടെ ജീവിത ഗതി കാണുമ്പോള്‍ നമുക്കു തോന്നിപ്പോകും.

ഡ്രാക്കുളയും ചെറിയൊരു നോവലാണ്. 110 പേജ്. ഡ്രാക്കുള എന്നു എന്തിനാണ് ഈ നോവലിനു പേരിട്ടതെന്ന തോന്നലുകൂടിയാകും നമ്മള്‍ ഈ പുസത്കം കയ്യിലെടുക്കുക. കാരണം ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള അത്രയെറ വായിക്കപ്പെടുകയോ സിനിമകളായി കാണപ്പെടുകയോ ചെയ്തിട്ടുണ്ട്. ഡ്രാക്കുള വായിച്ചും കണ്ടും ഒരു പാടു തലമുറകള്‍ പേടിച്ചിട്ടുണ്ടാകും. ഇന്ന് ഡ്രാക്കുള വായിച്ചാ ആരെങ്കിലും പേടിക്കുമെന്നു തോന്നുന്നില്ല. പക്ഷേ, ചെറി ജോസഫ് എന്ന ഇംഗ്ലീഷ അധ്യാപകന്‍ റാപ്പഗുണ്ടോം എന്ന വിദുര നഗരത്തിലെ (അതോ ഗ്രാമമോ) കോളേജിലെ ഇംഗ്ലീഷ് അധ്യാപകനാകാന്‍ പുറപ്പെടുമ്പോള്‍ മുതല്‍ വായനക്കാരന്‍ വല്ലാത്തൊരു വിഭ്രമത്തില്‍ പെട്ടു പോകുന്നുണ്ട്. പോസ്റ്റ് ഓഫീസ് രേഖകളിലോ ഭൂപടങ്ങളിലോ കാണാത്ത ഒരിടത്തേക്കാണ് ആ യാത്ര. ചെറി റാപ്പഗുണ്ടോമില്‍ എത്തുന്നതുവരേയും എത്തിയതിനു ശേഷവും എഴുത്തുകാരന്റെ വന്യമായ ഭാവന വായനക്കാരെ മുള്‍മുനകളില്‍ നിര്‍ത്തും. ഡ്രാക്കുള ഴോണറിലുള്ള നോവലുകളില്‍ നമ്മള്‍ പ്രതീക്ഷിക്കുമെങ്കിലും, വിചിത്രമായ സ്വഭാവമുള്ള കഥാപാത്രങ്ങളും അവര്‍ ജീവിക്കുന്ന വിചിത്രമായ ഇടങ്ങളും അവിശ്വസീനയ സംഭവവികാസങ്ങളും വായനയെ മുന്നോട്ടു നയിക്കുന്നു. ചെറി ജോസഫ് എന്ന അധ്യാപകന്‍ ചെന്നുപെടുന്ന ആ ഇടവും അതിന്റെ സര്‍വാധികാരിയായ രാജേഷ് ഭോയറും ജനാധിപത്യത്തിന്റേയു സ്വേച്ഛാധിപത്യത്തിന്റെയും പ്രതീകങ്ങളായി രൂപാന്തരം പ്രാപിക്കുന്നുണ്ട്.

ഗതിയിലും അരവിന്ദനോ രവിയോ ആനന്ദനോ മുസാഫിറോ ഡേവിഡ് ഡൊമിനിക്കോ ഡേ ഡോയോ ഡോക്ടര്‍ മഷറൂം്അസൈലം ഇങ്കോയോ ഡോക്ടര്‍ മഹ്‌റൂഫ് അസ്ലം ഇന്‍ഷയോ ആയിരിക്കുന്നതോ അല്ലാത്തതോ ആയ കേന്ദ്ര കഥാപാത്രം ചെന്നു പെടുന്ന ഇടങ്ങളില്‍ വിചിത്ര സ്വഭാവക്കാരായ അനേകം മനുഷ്യരെ കാണാം. നല്ല പാക്യം, അയാളുടെ മകന്‍ മനുഷ്യന്‍, സൈക്കിള്‍ മോഷ്ടാവും മകനും, ഡോക്ടര്‍ മാത്യു, ഡോക്ടര് അസ്ലം, ഡോക്ടര്‍ രാമകൃഷ്ണന്‍ തുടങ്ങി എല്ലാവരും വിചിത്ര സ്വഭാവങ്ങളുള്ളവരാണ്. ഇടക്ക് കാണുന്ന വൃദ്ധ ദമ്പതികളും അവരുടെ ചെറുപ്പക്കാരിയായ പരിചാരികയും പട്ടാളക്കാരന്‍ ലോക്കപ്പില്‍ കണ്ടു മുട്ടുന്ന കുറ്റവാളികള്‍.. പിന്നെയുമുണ്ട് നമുക്ക് ഒട്ടു പരിചയമില്ലാത്ത കുറേ കഥാപാത്രങ്ങള്‍.

ഡ്രാക്കുളയിലെ തല ചുമന്നു നടക്കുന്ന അര്‍ഷദ് ആലമും മേം ബ്രാഹ്മിന്‍ ഹൂം.. ലേകിന്‍ മാംസ് ഖാതാ ഹൂം എന്നു പ്രഖ്യാപിക്കുന്ന രഘുവീര പണ്ഡിറ്റും ചെറി ജോസഫിന്റെ സഹപ്രവര്‍ത്തകന്‍ സജീവും സജീവിന്റെ ഭാര്യ ബിന്ദുവുമൊക്കെ വായനക്കാര്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത സ്വഭാവ സവിശേഷതകളുള്ള കഥാപാത്രങ്ങളാണ്.

മാതൃഭൂമി ബുക്‌സാണ് ര്ണ്ടു പുസ്തകങ്ങളും പ്രസി്ദ്ധീകരിച്ചിരിക്കുന്നത്.

ചെന്നൈയിൽ ചെന്നാൽ എളുപ്പം ശ്രദ്ധയിൽ പെടുന്ന ഒരു കൂട്ടരാണ് 'ട്രാൻസ്ജെൻഡേഴ്സ്.☺️നമ്മൾ കണ്ടുമുട്ടിയില്ലെങ്കിലും 'ആ ജനക്കൂട്...
12/05/2024

ചെന്നൈയിൽ ചെന്നാൽ എളുപ്പം ശ്രദ്ധയിൽ പെടുന്ന ഒരു കൂട്ടരാണ് 'ട്രാൻസ്ജെൻഡേഴ്സ്.☺️
നമ്മൾ കണ്ടുമുട്ടിയില്ലെങ്കിലും 'ആ ജനക്കൂട്ടത്തിൽ തീർച്ചയായുമുള്ള കൂട്ടരാണ് ശ്രീലങ്കൻ അഭയാർഥികൾ.☺️
ഈ രണ്ടു കൂട്ടരുടേയും ജീവിതവും ജീവിത വ്യഥകളും ഹൃദയസ്പൃക്കായി അവതരിപ്പിച്ചിരിക്കുന്നു റാം c/o ആനന്ദിയിൽ അഖിൽ പി. ധർമജൻ. സംഗതി സിനിമാറ്റിക് ആക്കിയതിൻ്റെ എക്സാഗ്രേഷൻ ഉണ്ടാകാമെങ്കിലും ..☺️

തിരിച്ചു വരുമെന്ന് ഒരുറപ്പുമില്ലാതിരുന്നിട്ടും ആനന്ദിയെ കാത്തിരിക്കുന്ന റാം കണ്ണു നനയിച്ചു.😥 ഒരിക്കലും തിരിച്ചു വരില്ലെന്ന് ഉറപ്പായിട്ടും മൊയ്തീനിൽ അലിയാൻ കാത്തിരിക്കുന്ന കാഞ്ചന മാലയെ പോലെ❤️

പോക്‌സോ കേസില്‍ പെടുന്ന കാമുകന്മാര്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി നടപ്പാക്കിയ അതീവ കര്‍ക്കശമായ ന...
11/05/2024

പോക്‌സോ കേസില്‍ പെടുന്ന
കാമുകന്മാര്‍

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി നടപ്പാക്കിയ അതീവ കര്‍ക്കശമായ നിമയമാണ് പോക്‌സോ ആക്ട്.. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക് ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷകളാണ് ഈ നിമയത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്.

കൗമാരത്തില്‍ പ്രണയത്തില്‍ പെട്ടു പോകുന്ന ആണ്‍കുട്ടികള്‍ക്കെതിരെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഈ ആക്ടിലെ വകുപ്പുകള്‍ പ്രയോഗിക്കുന്നതായി കാണാം. നിരവധി കേസുകളാണ് ഈ വിധത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ എത്തുന്നത്. അങ്ങനെ പെട്ടു പോകുന്ന കാമുകന്‍മാരോട് പലപ്പോഴും കോടതികള്‍ അനുതാപത്തോടെയുള്ള നിലപാട് സ്വീകരിക്കുന്നത് കാണാം. അത്തരം ചില കേസുകളെക്കുറിച്ചാണ് പുതിയ വിഡിയോയില്‍ പറയുന്നത്.

ലിങ്ക് കമൻ്റ് ബോക്സിൽ

ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ എല്ലാ കാലത്തും ചര്‍ച്ചാ വിഷയമാണ്. ദൈവിക കല്‍പന എന്ന നിലയില്‍ അതിന്റെ തത്വങ്ങള്‍ ...
03/05/2024

ഇസ്ലാമിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ എല്ലാ കാലത്തും ചര്‍ച്ചാ വിഷയമാണ്. ദൈവിക കല്‍പന എന്ന നിലയില്‍ അതിന്റെ തത്വങ്ങള്‍ എല്ലാ അര്‍ഥത്തിലും അംഗീകരിക്കുന്നവരാണ് വിശ്വാസികള്‍ മഹാഭൂരിഭാഗവും. എന്നാല്‍ കടുത്ത വിശ്വാസികളായവര്‍ തന്നെ, അഞ്ചു നേരം നിസ്‌കരിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും.. സക്കാത്ത് കൊടുക്കുകയുമൊക്കെ ചെയ്യുന്നവര്‍ തന്നെ അനന്തരാവകാശ വിഷയം വരുമ്പോള്‍ ശരീഅത്ത് നിമയങ്ങളെ മറി കടക്കാനുള്ള പഴുതുകള്‍ അന്വേഷിക്കുന്നവരാണ്.

പെണ്‍മക്കള്‍ മാത്രമുള്ള രക്ഷിതാക്കള്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിക്കുന്ന പ്രവണത കൂടി വരുന്നുണ്ട്. സംസ്ഥാനത്ത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാനെത്തുന്ന മുസ്ലിം ദമ്പതികളുടെ എണ്ണം ഇതിനു തെളിവാണ്. മരിച്ചു പോകുന്ന മുസ്ലിമിനു പെണ്‍മക്കള്‍ മാത്രമേ ഉള്ളുവെങ്കില്‍ സ്വത്തിന്റെ നല്ലൊരു ഭാഗം മരിച്ച വ്യക്തിയുടെ മറ്റ് ബന്ധുക്കള്‍ക്കു പോകുമെന്നതാണ് പ്രശ്‌നം. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചാല്‍ അവര്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശമായിരിക്കും ബാധകമാകുക. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹം കഴിക്കുന്നവര്‍ ഭൂരിഭാഗവും വിശ്വാസികള്‍ തന്നെയാണ് എന്നതാണ് കാര്യം. അത് മതത്തില്‍ തന്നെ മതവിശ്വാസികളായി ജീവിക്കുന്നവരുടെ കാര്യം.

എന്നാല്‍ ഈയിടെ മതം വിടുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. എക്‌സ് മുസ്ലിംസ് ഓഫ് കേരള എന്ന പേരില്‍ ഒരു സംഘടന തന്നെ നിലവില്‍ വന്നിട്ടുണ്ട്. ഇസ്ലാം മതം വിട്ടവര്‍ പിന്തുടര്‍ച്ചാവകാശവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ഒരു സവിശേഷ നിയമ പ്രശ്‌നം കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലെത്തി. മതം വിട്ടാലും ശരീഅത്ത് അവരെ വിടുന്നില്ല. ശരീഅത്തില്‍ പെട്ടു കിടക്കുന്ന എക്‌സ് മുസ്ലിംസ് നേരിടുന്ന ആ നിമയ പ്രശ്‌നത്തെക്കുറിച്ചാണ് പുതിയ വീഡിയോ .

ലിങ്ക് കമൻ്റ് ബോക്സിൽ

വീട്ടിൽ പ്രസവിച്ചാൽ പോലീസ് പിടിയ്ക്കുമോ?ഗർഭസ്ഥ ശിശുവിനും ചില കാര്യങ്ങൾ പറയാനുണ്ട്.ഒന്നാം കമൻ്റിലെ വീഡിയോ കണ്ട് അഭിപ്രായം...
24/04/2024

വീട്ടിൽ പ്രസവിച്ചാൽ പോലീസ് പിടിയ്ക്കുമോ?

ഗർഭസ്ഥ ശിശുവിനും ചില കാര്യങ്ങൾ പറയാനുണ്ട്.

ഒന്നാം കമൻ്റിലെ വീഡിയോ കണ്ട് അഭിപ്രായം അറിയിക്കുമല്ലോ.

Address

Calicut

Website

Alerts

Be the first to know and let us send you an email when Adv P.T. Muhamed Sadik posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Adv P.T. Muhamed Sadik:

Share